ശമ്പളം മാറുന്നതിന് പുതിയ സംവിധാനം: ട്രഷറികള്‍ക്ക് നഷ്ടമാകുന്നത് കോടികള്‍

കൊല്ലം: ഗസറ്റഡ് ഓഫീസര്‍മാരുടെ ശമ്പളവിതരണത്തിനുള്ള പുതിയ സംവിധാനം നടപ്പാകുന്നതോടെ സംസ്ഥാനത്തെ ട്രഷറികള്‍ക്ക് കോടികളുടെ നഷ്ടമുണ്ടാകും. ഇന്റഗ്രേറ്റഡ് ഫിനാന്‍സ് മാനേജ്‌മെന്റ് സിസ്റ്റം (ഐ.എഫ്.എം.എസ്) വരുന്നതോടെയാണ് ട്രഷറിയില്‍നിന്ന് പണം ബാങ്കുകളിലേക്കൊഴുകുന്നത്. ട്രഷറി എ.ടി.എമ്മുകള്‍ സ്ഥാപിക്കാനുള്ള തീരുമാനം വൈകുന്നതിനാലാണ് ഈ സാഹചര്യമുണ്ടാകുന്നത്.
ഗസറ്റഡ് ഓഫീസര്‍മാര്‍ക്ക് സ്വയം ശമ്പളം എഴുതിമാറുന്നതിനുള്ള അധികാരം പിന്‍വലിച്ചുകൊണ്ട് ഒരു ഓഫീസില്‍ ഒരു ഡ്രോയിങ് ഓഫീസര്‍ സംവിധാനമാണ് പുതുതായി ഏര്‍പ്പെടുത്തുന്നത്. ട്രഷറി സേവിങ്‌സ് ബാങ്ക് അക്കൗണ്ട് വഴിയാണ് ഇപ്പോള്‍ ഗസറ്റഡ് ഓഫീസര്‍മാര്‍ ശമ്പളം മാറുന്നത്. പിന്നീട് ആവശ്യാനുസരണം തുക പിന്‍വലിക്കുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ പുതിയ സംവിധാനത്തില്‍ ഉദ്യോഗസ്ഥരുടെ ശമ്പളം ഇഷ്ടമുള്ള ബാങ്ക്് അക്കൗണ്ടിലേക്ക് വരവുവയ്ക്കാന്‍ സാധിക്കും. ഫലത്തില്‍ ട്രഷറി സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ മാസംതോറും വന്നുകൊണ്ടിരിക്കുന്ന ശമ്പളത്തുക ബാങ്കുകളിലേക്ക് മാറും. കോടികളാണ് ഇങ്ങനെ ചോര്‍ന്നുപോകുന്നത്. നിക്ഷേപമായി കോടിക്കണക്കിന് രൂപ ഇപ്പോള്‍ ട്രഷറി സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളിലുണ്ട്. അതും ഭാവിയില്‍ ഇല്ലാതാകും.
ട്രഷറി സേവിങ്‌സ് ബാങ്കില്‍ത്തന്നെ തുടര്‍ന്നും ശമ്പളം എത്തിക്കാന്‍ കഴിയുമെങ്കിലും ബഹുഭൂരിപക്ഷം ഉദ്യോഗസ്ഥരും പോതുമേഖലാ ബാങ്കുകളെ ആശ്രയിക്കാനാണ് സാധ്യത. എ.ടി.എം.സൗകര്യവും മറ്റുമാണ് ബാങ്ക് അക്കൗണ്ടിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത്. അതേസമയം ട്രഷറികള്‍ക്ക് എ.ടി.എം. ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം അഞ്ചുവര്‍ഷം പിന്നിട്ടിട്ടും നടപ്പായിട്ടില്ല. എ.ടി.എം.സൗകര്യമുണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍ പൂര്‍ണമായി ട്രഷറിയെ ഉപേക്ഷിച്ചുപോകില്ലായിരുന്നു.
പുതിയ സംവിധാനത്തില്‍ ഗസറ്റഡ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ എല്ലാ ഉദ്യോഗസ്ഥരുടെയും ശമ്പളവും ബത്തകളും ട്രഷറിയില്‍നിന്ന് കൈപ്പറ്റി വിതരണം ചെയ്യുന്നത് അതത് ഓഫീസിലെ ഡ്രോയിങ് ആന്‍ഡ് ഡിസ്‌ബേഴ്‌സിങ് ഓഫീസര്‍ (ഡി.ഡി.ഒ.) ആയിരിക്കും. സെക്രട്ടേറിയറ്റിലെ ധനകാര്യവകുപ്പില്‍ പുതിയ സംവിധാനം നിലവില്‍ വന്നുകഴിഞ്ഞു. ഡിസംബര്‍ ഒന്നുമുതല്‍ സംസ്ഥാനത്തെ എല്ലാ വകുപ്പുകളും ഓഫീസുകളും ഈ സംവിധാനത്തിന്‍കീഴില്‍ വരും. ഓഫീസുകളിലെ മേലധികാരിക്ക് തൊട്ടുതാഴെയുള്ള ഉദ്യോഗസ്ഥനായിരിക്കും ഡി.ഡി.ഒ. വകുപ്പ് മേധാവികള്‍ക്കുപോലും താഴെയുള്ള ഉദ്യോഗസ്ഥനാണ് ഇനി ശമ്പളം മാറി നല്‍കേണ്ടത്. ഓഫീസുകളില്‍ ബില്ല് തയ്യാറാക്കാന്‍ പ്രത്യേകം ജീവനക്കാരെ നിയമിക്കണമെന്ന ആവശ്യം പല വകുപ്പുകളിലും ഇപ്പോഴേ ഉയര്‍ന്നുകഴിഞ്ഞു.

16,526 thoughts on “ശമ്പളം മാറുന്നതിന് പുതിയ സംവിധാനം: ട്രഷറികള്‍ക്ക് നഷ്ടമാകുന്നത് കോടികള്‍

Leave a Reply

Your email address will not be published.